അനിൽ പെണ്ണുക്കര

“നേതൃത്വം ഒരു വ്യക്തിയോ സ്ഥാനമോ അല്ല. വിശ്വാസം, കടപ്പാട്, പ്രതിബദ്ധത, വികാരം, നല്ലതിനെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാട് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആളുകൾ തമ്മിലുള്ള സങ്കീർണ്ണമായ ധാർമ്മിക ബന്ധമാണിത്”

ഒരു സ്ത്രീ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോൾ ധാരാളം മാറ്റങ്ങളാണ് പല മേഖലകളിലും പ്രകടമാകുന്നത്. ഇന്ദിര ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോഴാണ് “ബേട്ടി പഠാവോ ബേട്ടി ബച്ചാവോ” എന്ന പദ്ധതി നിലവിൽ വരുന്നത്, അതിനർത്ഥം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നവരാണ് സ്ത്രീകൾ എന്നുള്ളതാണ്. അത്തരത്തിൽ അമേരിക്കൻ മലയാളികൾക്കിടയിൽ മാറ്റത്തിന്റെ അലയൊലികൾ വലിയ തോതിൽ സൃഷ്‌ടിച്ച വ്യക്തിയാണ് ഡോ.കല ഷഹി.
കഴിഞ്ഞ രണ്ടു ടേമുകളിലായി ഫൊക്കാനയുടെ ഏറ്റവും പ്രധാനമായ പദവികളിൽ അവരുടെ പ്രവർത്തനങ്ങൾ,ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണായും ഇപ്പോൾ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുമ്പോൾ ഫൊക്കാന എന്ന സംഘടനയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മുഹൂർത്തമെന്നതിൽ സംശയമില്ല .അത് നിഷേധിക്കുവാൻ അമേരിക്കൻ മലയാളികൾക്കും സാധിക്കുകയില്ല.

തൊട്ടതെല്ലാം പൊന്നാക്കാൻ കല
പ്രണയം കൊണ്ടും ജീവിതം കൊണ്ടും കേരളീയ സമൂഹത്തെ തന്നെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ മഹാകവി ചങ്ങമ്പുഴയുടെ സ്മരണകൾ ഉറങ്ങുന്ന ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിനു സമീപത്താണ്‌ കല ജനിച്ചതും വളർന്നതും.അച്ഛൻ ഇടപ്പള്ളി അശോക് രാജ്.അമ്മ ശുഭ അശോക് രാജ്. പത്താം ക്ലാസ് വരെ പയസ് ഗേൾസ് ഹൈസ്കൂളിൽ പഠനം. പ്രീഡിഗ്രി മഹാരാജാസ് കോളേജിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിഗ്രി . 1993 ൽ വിവാഹത്തോടെ അമേരിക്കയിലേക്ക്. ഡിസ്ട്രിക്ട് ഓഫ് കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് എടുത്തു. ഇപ്പോൾ അമേരിക്കയിലെ അറിയപ്പെടുന്ന ഡോക്ടറായും,ഡാൻസറായും, സംഘാടകയായും കല ഷഹി ഈ വഴിത്താരയിൽ ഏവർക്കും മാതൃകയാവുന്നത് ജീവിതത്തെ പൊരുതി വരുതിയിലാക്കുന്ന സ്ത്രീരത്നം എന്ന നിലയിലാണ്. ആരുടേയും സഹായമില്ലാതെ സ്വന്തം കഴിവിന്റെ ആത്മബലത്തിലാണ് ഈ കൊടുമുടികൾ അവർ നടന്നു കയറിയത്.

രക്തത്തിൽ അലിഞ്ഞുചേർന്ന നൃത്തം
അച്ഛൻ ഇടപ്പള്ളി അശോക് രാജിൽ നിന്ന് കലയുടെ അഭിരുചികൾ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു കലയുടെ ബാല്യം നടന്നു നീങ്ങിയത്. പിതാവിന്റെ “ഹംസധ്വനി തീയേറ്റേഴ്സ് “നൃത്ത സംഗീത പഠനത്തിൽ കൊച്ചിയുടെ മാതൃകാവിദ്യാലയമാണ് അന്നും ഇന്നും.പിതാവിൽ നിന്ന് നൃത്തം അഭ്യസിക്കാൻ എത്തുന്നവരെക്കൊണ്ട് വീട്ടിൽ എന്നും തിരക്കായിരുന്നു. ആ തിരക്ക് ചമയങ്ങളോടും നൃത്തത്തോടുമുള്ള ഒരു വലിയ അഭിനിവേശമായി കലയിൽ കടന്നു കൂടുകയായിരുന്നു. കലയോടുള്ള ആത്മാർത്ഥമായ അനുകമ്പ മൂലമാണ് പിതാവ് ഇടപ്പള്ളി അശോക് രാജ് മകൾ ജനിച്ചപ്പോൾ തന്നെ അവൾക്ക് കല എന്ന പേരു നൽകിയത്. അതിനെ അർത്ഥവത്താക്കുന്ന ജീവിതമാണ് കല പിന്നീടങ്ങോട്ട് നയിച്ചത്. നൃത്തം അവരുടെ സിരകളിൽ തന്നെ ഉണ്ടായിരുന്നു. അത് സമയാസമയം തിരശ്ശീല നീക്കി വേദികളിൽ അരങ്ങേറിക്കൊണ്ടേയിരുന്നു എന്ന് മാത്രം. കടൽ കടന്ന് അമേരിക്കയിലെത്തിയപ്പോഴും നൃത്തത്തെ ഒപ്പം കൂട്ടി. ജീവിതത്തിരക്കുകൾക്കിടയിലും ആയിരക്കണക്കിന് ചുവടുകൾ കാട്ടിക്കൊടുക്കുന്ന നൃത്താദ്ധ്യാപികയായി.

ഫൊക്കാനയിലേക്ക്
ഒരു സംഘടനയ്ക്ക് ഏറ്റവുമധികം ജനസ്വീകാര്യതയും വിസിബിലിറ്റിയും ഉണ്ടാകുന്നത് വനിതകൾ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുമ്പോഴാണ്. അതിന് കാരണം മറ്റൊന്നുമല്ല. കണ്ടുവരുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങൾ സമൂഹത്തിനായി നടപ്പിലാക്കുവാൻ അവർ ശ്രമിക്കും. അമേരിക്കൻ സംഘടനകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ പിന്തുണയും ലഭിക്കും. അമേരിക്കയിൽ എത്തിയ ശേഷം കേരളാ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിൽ 1993 മുതൽ തന്നെ സജീവമായി. നൃത്തവും സംഗീതവും ഒപ്പമുള്ളതിനാൽ സംഘടനയിൽ സജീവമാകാൻ അതു തന്നെ ധാരാളം മതിയായിരുന്നു. അസ്സോസിയേഷന്റെ ഓണം, വിഷു, ക്രിസ്തുമസ്, പുതുവത്സരം തുടങ്ങി എല്ലാ പരിപാടികളുടേയും എന്റെർടെയിൻമെന്റ് വിഭാഗം കലയുടെ കൈയ്യിലായി. ഈ സമയത്ത് ഫൊക്കാനയിലും സജീവമായി. നാഷണൽ കൺവൻഷനുകളിൽ ഡാൻസ് പ്രോഗ്രാമുകൾ, ഉത്‌ഘാടന പരിപാടികൾ, മലയാളി മങ്ക, മിസ് ഫൊക്കാന, യുവജനോത്സവം, ടാലന്റ് ഹണ്ട് , തുടങ്ങിയവയുടെയെല്ലാം പരിശീലനവും, നേതൃത്വവും കല ഷഹിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. 2020 – 2022 കാലയളവിൽ ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർ പേഴ്സണായി തെരഞ്ഞെടക്കപ്പെട്ടു. തന്റെ കഴിവുകളെ മുഴുവൻ അമേരിക്കൻ മലയാളി സമൂഹത്തിന് മുൻപിലും എത്തിക്കുവാനുള്ള സുവർണ്ണാവസരം കൂടിയായിരുന്നു അത്. പക്ഷെ അശനിപാതം പോലെ കോവിഡ് മഹാമാരി എല്ലാ പ്രവർത്തനങ്ങൾക്കും വിലങ്ങുതടിയായി.

പ്രതിസന്ധികളിൽ തളരാതെ
നിരവധി പദ്ധതികൾ മനസ്സിൽ കണ്ടാണ് കല ഷഹി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ ആകുന്നത്. പക്ഷെ കോവിഡ് മഹാമാരി ലോകത്തിലെ ഒരു മനുഷ്യനേയും വീടിന് പുറത്തിറക്കിയില്ല. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ സാധ്യതകളെ ലോകം പരീക്ഷിക്കുന്നത്. ഇവിടെ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുവാൻ കല
ഷഹിക്കും ഫൊക്കാനയ്ക്കും കഴിഞ്ഞു. അമേരിക്കൻ മലയാളികളുടെ ഹൃദയമായ ഫോക്കാന കലയിലൂടെ പെൺ കൂട്ടായ്മ എന്ന നിലയിലേക്കും പതിയെ വളരുകയായിരുന്നു. ഫൊക്കാനയുടെ അക്കാലത്തെ പ്രവർത്തനങ്ങൾക്ക് കരുത്താകുവാൻ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നതിൽ അതിശയോക്തിയില്ല. കലയുടെ നേതൃത്വ പാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അക്കാലത്ത് ഫൊക്കാന വിമൻസ് ഫോറം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ. അവ ഇപ്പോഴും ഫൊക്കാനയുടെ ചരിത്രത്തിലെ പൊൻ തൂവലുകളായി ഇന്നും അടയാളപ്പെട്ടു കിടക്കുന്നുണ്ട്.

കുഞ്ഞുങ്ങൾക്ക് തണലായി കരിസ്മ
ഫൊക്കാനയ്ക്ക് 2020-2022 കാലയളവിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്ത പദ്ധതിയായിരുന്നു കരിസ്മ. മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള മാജിക്ക് അക്കാദമിയിലെ ഭിന്നശേഷിയുള്ള നൂറ് കുട്ടികളെ ഫൊക്കാന ദത്തെടുക്കുകയും അവരുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുമായി രൂപം കൊണ്ട പദ്ധതിയായിരുന്നു “കരിസ്മ ” . കല ഷഹിയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിന്റെ ചരിത്രത്തിലെതന്നെ കമനീയ നിമിഷങ്ങളായി അത് മാറി. പദ്ധതി വിജയമായി എന്ന് മാത്രമല്ല സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന നിരവധി അമ്മമാരും, കുട്ടികളും സ്വയം തൊഴിൽ നേടാൻ പ്രാപ്തരാവുകയും ചെയ്തു. ഒരു ഭിന്ന ശേഷിയുള്ള കുട്ടിയുണ്ടായാൽ അവനാൽ ഏറ്റവുമധികം ബുദ്ധിമുട്ടേണ്ടി വരുന്നത് അമ്മയാണെന്നും, അതുകൊണ്ട് അമ്മമാരെ സ്വയം പര്യാപ്‌തരാക്കണമെന്നും അവർക്ക് പുതിയ പ്രതീക്ഷകൾ നൽകണമെന്നും മനസ്സിലുറച്ചാണ് കല ഷഹി ഈ പ്രവർത്തനം ഏറ്റെടുത്തത്. കോവിഡ് കാലമാണെങ്കിലും ഓൺലൈനിൽ നിരവധി പരിപാടികളിലൂടെ അമേരിക്കൻ മലയാളി കുടുംബങ്ങളെ ലൈവാക്കി നിർത്തുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുകയും ചെയ്തു.

മെഗാ വിമൻസ് ഫോറത്തിന് തുടക്കം
കല ഷഹിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ മറ്റൊരു പ്രവർത്തനമായിരുന്നു ആഗോള തലത്തിൽ ഫൊക്കാന വനിത ഫോറത്തിന് രൂപം നൽകുക എന്നത്. നൂറ്റി അൻപതിൽ അധികം അംഗങ്ങളെ ഉൾപ്പെടുത്തി ഫൊക്കാന വിമൻസ് ഫോറം ഒരു മെഗാ കമ്മറ്റിയായി വിപുലീകരിച്ചു. വിവിധ റീജിയനുകളിൽ കമ്മറ്റി രൂപീകരിച്ചതിനു പുറമെ അന്താരാഷ്ട്ര തലത്തിൽ ഫൊക്കാന വിമൻസ് ഫോറത്തെ വളർത്തിക്കൊണ്ടുവരുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റർനാഷണൽ വുമൻസ് ഫോറം സജീവമാക്കി. ഫൊക്കാനയുടെ 2020 – 2022 ഫ്ലോറിഡ നാഷണൽ കൺവൻഷന്റെ തുടക്കം മുതൽ അവസാനം വരെ ഒരു താരമായി മാറുവാനും കല ഷഹിക്ക് കഴിഞ്ഞത് തന്റെ പ്രതിഭയുടെ ലാളിത്യം ഒന്നു കൊണ്ട് മാത്രമാണ്.

ജനറൽ സെക്രട്ടറി പദവിയിലേക്ക്
ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സന്റെ പ്രവർത്തനങ്ങൾക്ക് ശേഷം കല ഷഹിക്ക് ഫൊക്കാന വെച്ചു നീട്ടിയ പദവി ഫൊക്കാന ജനറൽ സെക്രട്ടറി പദമാണ്. തന്റെ അർഹതയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിരുന്നു സെക്രട്ടറി പദം. കഴിഞ്ഞ രണ്ട് മാസത്തെ പ്രവർത്തനം കൊണ്ട് ഫൊക്കാനയ്ക്ക് ഒരു അടുക്കും ചിട്ടയും കൊണ്ടുവരാൻ സാധിച്ചു. ഡോ.ബാബു സ്റ്റീഫൻ നേതൃത്വം കൊടുക്കുന്ന ഫൊക്കാനയ്ക്കൊപ്പം സജീവമാവുകയാണ് ഡോ. കല ഷഹി. ഡോ.ബാബു സ്‌റ്റീഫനെ പോലെ കഴിവുകളെ അംഗീകരിക്കുന്ന ഒരു നേതൃത്വത്തിന്റെ പിൻബലം തന്റെ പ്രവർത്തനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നു. അമേരിക്കൻ മലയാളി യുവ സമൂഹത്തെ രാഷ്ട്രീയ രംഗത്തേക്ക് അവതരിപ്പിക്കുന്ന വൈറ്റ് ഹൗസ് സ്കോളർഷിപ്പ് പദ്ധതി, സ്കൂൾ കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ പിന്നിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതും കല ഷഹി തന്നെ.

രണ്ട് കലകൾ ;
ആരോഗ്യ രംഗവും നൃത്തവും
ആരോഗ്യരംഗം ജീവിതോപാധിയായി തിരഞ്ഞെടുത്ത കല ജീവകാരുണ്യ പ്രവർത്തനരംഗത്തും മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നത്. ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് മെഡിസിൻ ബിരുദമെടുത്ത ഡോ.കല ഷഹി വാഷിംഗ്ടൺ ഡി.സി , മെരിലാൻഡ് മേഖലകളിൽ ഇന്റേണൽ മെഡിസിനിൽ രണ്ടു ക്ലിനിക്കുകൾ ഇപ്പോൾ സ്വയം നടത്തുന്നുണ്ട്. ജോലിയ്‌ക്കൊപ്പം തന്നെ പബ്‌ളിക്ക് ഹെൽത്തിലും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലും ഡോക്ടറേറ്റ് നേടാനും, അതോടൊപ്പം തന്റെ നൃത്തത്തെ നിലനിർത്തിക്കൊണ്ടുപോകാനും കലയ്ക്ക് കഴിയുന്നു. കോവിഡ് കാലത്ത് കലയുടെ രണ്ട് ക്ലിനിക്കുകളിലും നൂറുകണക്കിന് കോവിഡ് രോഗികൾ ഉണ്ടായിരുന്നു. അവരെ ചികിൽസിക്കാൻ രാത്രി വൈകി വരെ സമയം ചെലവഴിക്കുമായിരുന്നു . അത്രത്തോളം സമൂഹത്തോടും ചുറ്റുപാടിനോടും വലിയ സ്നേഹം അവർ വെച്ചുപുലർത്തിയിരുന്നു.

ഫൊക്കാനയുടെ ഫിലാഡല്‍ഫിയ, ആല്‍ബനി കണ്‍വെന്‍ഷനുകളുടെ എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്ററായും കേരള കള്‍ച്ചറല്‍ സൊസൈറ്റി പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായും കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ എന്റര്‍ടൈന്‍മെന്റ് ചെയര്‍പേഴ്സനായും കല പ്രവർത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ വാഷിംഗ്‌ടൺ ഡി.സി. മേഖലകളിലെ നിരവധി നർത്തകരെ കലാഞ്ജലി സ്കൂൾ ഓഫ് ഡാൻസ്‌ വഴി കല നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്. കലയാണ് ഈ സ്കൂളിന്റെ ഡയറക്ടർ. 150പരം നർത്തകികളെ ഉൾപ്പെടുത്തി മഹാബലി, ശ്രീകൃഷ്ണ, മംഗല്യ തിലകം, വെറോണിക്ക ഡാൻസ് ഡ്രാമ എന്ന കലാരൂപം കലയുടെ നേതൃത്വത്തിൽ കൊറിയോഗ്രാഫി ചെയ്ത് ഡി.സി. മെട്രോപൊളിറ്റൻ- ന്യൂയോർക്ക് മേഖല അവതരിപ്പിക്കുകയും വലിയ വിജയമാവുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക, ദേശീയ,അന്താരാഷ്‌ട്ര തലങ്ങളിലുള്ള സംഘടനകളിൽ വിവിധ സംഘടനകളിൽ കല സജീവ പ്രവര്‍ത്തകയാണ്. വാഷിംഗ്‌ടൺ ഡി.സി.യിലെ സെക്കൻഡ് ചാൻസ് അഡിക്ഷൻ സെന്ററിന്റെ (Second chance addiction center) മെഡിക്കൽ ഡയറക്ടർ, മെരിലാൻഡ്- വാഷിംഗ്‌ടൺ ഡി.സി മേഖലയിലുള്ള സെന്റർ ഫോർ ബിഹേവിയറൽ ഹെൽത്തിന്റെ ( Center for Behavior Health) റിസർച്ച് കോർഡിനേറ്റർ തുടങ്ങിയ പദവികളും കല അലങ്കരിക്കുന്നു. ബിഹേവിയറൽ ഹെൽത്ത് ആൻഡ് അഡിക്ഷൻ മാനേജ്മെന്റിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ.കല ഈ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുണ്ട്. കോസ്മറ്റോളജിയിൽ ലേസർ ഹെയർ റിമൂവൽ ബോട്ടെക്സ് ( laser hair removal botox in cosmetology) എന്ന aesrtic medicine ശാഖയിലും ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.

ബഹുമുഖ പ്രതിഭ
മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു ജീവകാരുണ്യ പ്രവർത്തനമായിട്ടാണ് കല കാണുന്നത്. ‘താങ്ങും തണലും’ എന്ന പദ്ധതി, സൊലസ് (SOLACE) സംഘടനകൾക്ക് വേണ്ടി നടത്തുന്ന നിരവധി ധനസമാഹാര പ്രവർത്തനങ്ങൾ എന്നിവയെല്ലാം അതിന്റെ ഉദാഹരണമാണ്.അനാഥാലയങ്ങൾക്ക് സഹായം,വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ച് നൽകുവാൻ സഹായം തുടങ്ങി നിരവധി പ്രവർത്തങ്ങളിൽ കല ഷഹി സജീവമാണ് .സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട് . ഭാരത് യു.എസ്. എ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വുമൺ ഐക്കൺ പുരസ്ക്കാരം ഈയിടെ കലയെ തേടി എത്തിയിരുന്നു. കലാ -സാംസ്‌കാരിക- ആതുരസേവന രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചായിരുന്നു ഈ അവാർഡ്. കൂടാതെ മറ്റു നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കല നൃത്തത്തിനു പുറമെ സംഗീതം, നാടകം, പെൻസിൽ സ്കെച്ച് , പെയിന്റിംഗ്, ക്ലേ മോഡലിംഗ്, ന്യൂസ് ആങ്കറിംഗ് , പ്രോഗ്രാം ആങ്കറിംഗ്,വീഡിയോഗ്രാഫി,ഫോട്ടോഗ്രാഫി,കഥാരചന,കവിതാ രചന തുടങ്ങിയ വിവിധ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

അഭിരുചികളെ കൂടെ കൂട്ടിയ കല
ജീവിതം മുഴുവൻ തന്റെ അഭിരുചികളെ കൊണ്ട് നടക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ കല ഷഹി ആ ബുദ്ധിമുട്ടിനെ ലാഘവത്തോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അവർ തന്റെ ജീവിതത്തിലെ എല്ലാ അഭിരുചികളെയും കൂടെകൂട്ടി. തന്റെ തന്നെ ഭാഗമാക്കി അവർ കലയെ രൂപാന്തരപ്പെടുത്തി. കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ താല്‍പ്പര്യം കാണിച്ച കല ഷഹി മൂന്നാം വയസ്സില്‍ പ്രമുഖ കലാകാരനായ സ്വന്തം പിതാവ് കേരളാ സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു. അച്ഛനിൽ നിന്ന് തന്നെ നൃത്തം പരിചയപ്പെട്ടു തുടങ്ങുന്ന ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം അന്ന് കലയ്ക്ക് ലഭിച്ചു. ശേഷം പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം,കുച്ചുപ്പുടി തുടങ്ങിയവ അഭ്യസിച്ചു. കൂടാതെ നാടോടി നൃത്തത്തെ അങ്ങേയറ്റം പ്രണയിച്ച കല വിവിധ വേദികളിൽ വ്യത്യസ്തമായ നാടോടി നൃത്തങ്ങൾ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കുയും ചെയ്തു. അഖിലേന്ത്യാ തലത്തില്‍ നൃത്ത പര്യടനവും നടത്തി.അമേരിക്കയിലെത്തി ജീവിതം പിന്നീട് മെഡിക്കല്‍ രംഗത്തേക്ക് കലയെ മൊഴിമാറ്റിയെങ്കിലും കലയോടും കലാരംഗത്തോടും ഒപ്പം തന്നെ നിൽക്കുകയാണ് കല ചെയ്തത്. അത് അവരുടെ ജീവിത ലക്ഷ്യമായിരുന്നു എന്ന് തെളിയിക്കുകയാണ് ഇപ്പോഴും തന്റെ പ്രവർത്തങ്ങളിലൂടെ.ഇന്റർ നാഷണൽ വിമൻസ് ഡേ ,യോഗ ഡേ തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങളിലും കലയുടെ നേതൃത്വത്തിൽ അമേരിക്കയിലുടനീളം പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.രണ്ടു കൊറോണ ലോക് ഡൗണുകളുടെ സമയത്ത് നൂറ്റി അൻപതിലധികം വനിതകളെ ഓൺലൈൻ പ്ലാറ്റ് ഫോമിൽ യോഗയ്ക്കും നൃത്തത്തിനുമായി അണിനിരത്തുവാൻ കല ഷഹിക്ക് സാധിച്ചത് അവരുടെ അർപ്പണ മനോഭാവം ഒന്നുകൊണ്ടു മാത്രമാണ് .ഫൊക്കാനയുടെ കൺവൻഷനുകൾ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്നതിൽ കല വഹിച്ച പങ്കും അമേരിക്കൻ മലയാളികൾ മറക്കുവതെങ്ങനെ.

കുടുംബം, തണൽ
കലയുടെ മടിത്തട്ടിലേക്ക് ജനിച്ചു വീണ കല ഷഹിക്ക് കലയിലേക്കുള്ള പ്രചോദനം കുടുംബം തന്നെ. നർത്തകൻ, എഴുത്തുകാരൻ , കവി, സംവിധായകൻ നാടക നടൻ എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന പിതാവ് ഇടപ്പള്ളി അശോക് രാജ് 2019 ൽ അന്തരിച്ചു. അമ്മ ശുഭ അശോക് തഹസീൽദാർ ആയിരുന്നു.ഏക സഹോദരി മീര രാജ് ഡൽഹി മീററ്റ് കോളേജ് ഓഫ് നേഴ്സിംഗിൽ പ്രിൻസിപ്പാൾ ആണ്.
മക്കൾ : അഞ്ജലി ഷഹി ബ്രാവോഡ് മെഡിക്കൽ സെന്റർ ഫ്ലോറിഡയിൽ റസിഡൻസി ചെയ്യുന്നു. ഫൊക്കാന വൈറ്റ് ഹൗസ് സ്കോളർഷിപ്പിന്റെ കോ – ഓർഡിനേറ്ററാണ്. കൂടാതെ പ്രൊഫഷണൽ സിംഗർ, നർത്തകിയുമാണ്.അർജുൻ ഷഹി മെഡിസിന് പഠിക്കാൻ തയ്യാറെടുക്കുന്നു. ഒപ്പം ബിസ്സിനസ് മാനേജ്മെന്റിൽ ഡിഗ്രി. അമേരിക്കൻ ഗവൺമെന്റിന്റെ ഫുൾ സ്കോളർഷിപ്പോടെ പഠനം. ആതിര ഷഹി പത്താം സ്റ്റാന്റേർഡിൽ പഠിക്കുന്നു. ഫൊക്കാന കലാതിലകം , നാഷണൽ സ്പെല്ലിംഗ് ബി ചാമ്പ്യനും ആയിരുന്നു. തന്റെ മൂന്ന് മക്കളെക്കുറിച്ചും അഭിമാനത്തോടെ കല ഷഹി പറയുന്ന ഒരു കാര്യമുണ്ട് . മൂവരും മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുമെന്ന്. മലയാളം അമ്മയ്ക്ക് തുല്യമാണന്ന് അവർക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. കലയുടെ മടിത്തട്ടിൽ പിറന്നു വീണ മക്കൾ മലയാളത്തെ മറക്കുന്നതെങ്ങനെ. ഈ കുടുംബം കല ഷഹിക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുള്ളപ്പോൾ അവർ നേതൃത്വം നൽകുന്നതെന്തും വിജയത്തിന്റെ വഴിയെ തന്നെ മുന്നോട്ടു പോകും എന്നതിൽ സംശയമില്ല.

കല ഷഹി ഏവർക്കും ഒരു മാതൃകയാണ്. കഠിനാധ്വാനികൾക്ക്, കലാകാരികൾക്ക് , ആരോഗ്യ പ്രവർത്തകർക്ക്, സ്ഥിരോത്സാഹികൾക്ക്, ജീവിതം കൈവിട്ടു പോയവർക്ക്, സംഘടനാ പ്രവർത്തകർക്ക് തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഉള്ളവർക്ക് ചൂണ്ടിക്കാണിക്കുവാൻ ഒരു വലിയ മാതൃക.
ഈ വഴിത്താരയിൽ അവർക്ക് കല്ലും മുള്ളുകളുമില്ല. പച്ചപരവതാനികൾ മാത്രം. പാഷൻ ഒരു ഊർജ്ജമാണെന്നും നിങ്ങളെ ആവേശം കൊള്ളിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ലഭിക്കുന്ന ശക്തി നിസ്സാരമല്ലെന്നും നമ്മെ പഠിപ്പിക്കുന്ന കല ഷഹി ഒരു മനുഷ്യന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് പഠിക്കാനുള്ള കഴിവ് എന്നു കൂടി അവരുടെ പ്രവർത്തനങ്ങളിലൂടെ നമുക്ക് കാട്ടിത്തരുന്നു.

കല ഷഹി യാത്ര തുടരട്ടെ.. നമുക്ക് കൈയ്യടിക്കാം. അവരുടെ വിജയങ്ങൾക്കായി..

ഡോ.കല ഷഹി,ഫൊക്കാനയുടെ വനിതാമുഖം (വഴിത്താരകൾ)
ഡോ.കല ഷഹി,ഫൊക്കാനയുടെ വനിതാമുഖം (വഴിത്താരകൾ)
ഡോ.കല ഷഹി,ഫൊക്കാനയുടെ വനിതാമുഖം (വഴിത്താരകൾ)