തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരള കൺവൻഷൻ ഈ വർഷം മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരത്തെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്ക് ഫൊക്കാന നൽകുന്ന പ്രഥമ അവാർഡിന് ടൂറിസം, പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തുവെന്നും ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ.കലാ ഷാഹി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവാർഡ് കൺവൻഷൻ വേദിയിൽ വച്ച് റിയാസിന് സമ്മാനിക്കും.

അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും. സാമൂഹിക സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന കേരളീയം എന്ന സംഘടനയുമായി ചേർന്നാണ് കേരള കൺവൻഷൻ നടത്തുന്നത്. മന്ത്രി വി.ശിവൻകുട്ടി, പി.വി.അബ്ദുൾ വഹാബ് എം.പി, മുൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ എന്നിവരും കൺവൻഷന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്നുണ്ട്. ഫൊക്കാനയുടെ അമേരിക്കൻ കൺവൻഷൻ വാഷിംഗ്ടൺ ഡി.സിയിൽ 2024 ജൂലായ് 18.19,20 തീയതികളിൽ നടക്കും.

കേരളസർവകലാശാലയുമായി ചേർന്ന് ഫൊക്കാന നൽകി വരുന്ന ഭാഷയ്ക്കൊരു ഡോളർ പുരസ്ക്കാരത്തിനു പുറമെ ഫൊക്കാനയുടെ ചരിത്രത്തിലെ ഏക വനിത അദ്ധ്യക്ഷയായിരുന്ന മറിയാമ്മ പിള്ളയുടെ നാമധേയത്തിൽ ആതുര ശുശ്രൂഷാ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന നഴ്സിനും അടുത്തിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ സതീഷ് ബാബുവിന്റെ സ്മരണയ്ക്കായി പ്രവാസി എഴുത്തുകാരിൽ നിന്നുമുള്ള മികച്ച രചനയ്ക്കും അവാർഡ് നൽകും.

ഫൊക്കാന വില്ലേജ്

കേരള സർക്കാരിന്റെ ഭവന പദ്ധതിയുമായി ചേർന്ന് 22 വീടുകൾ ഫൊക്കാന നിർമ്മിച്ചു നൽകും. സ്ഥലം കണ്ടെത്താൻ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പദ്ധതിയുടെ സി.ഇ.ഓയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്തമാസം സ്ഥല നിർണയം നടക്കും. തുടർന്ന് നിർമ്മാണം ആരംഭിക്കും.

ഇന്റേൺഷിപ്പ്

അമേരിക്കയിലെ രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും അനുഭവ പരിചയം നേടാൻ ഫൊക്കാനയുടെ സ്പോൺസർഷിപ്പിലൂടെ അമേരിക്കൻ വാസികളായ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് വെറ്റ് ഹൗസിലോ ക്യാപ്പിറ്റൽ ഹില്ലിലോ ഇന്റേൺഷിപ്പ് നൽകുന്ന പരിപാടിക്ക് ഈ വർഷം തുടക്കം കുറിക്കും.അമേരിക്കയിലെ മലയാളി വിദ്യാർത്ഥികളുടെ ഭാവി പഠനത്തിന് സഹായമായി 500 ഡോളർ വീതം 50 കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കമ്മിഷൻ സംഘടനയല്ല

ഫൊക്കാനയുടെ പ്രവർത്തനം നോർത്ത് അമേരിക്കയ്ക്കു പുറത്തേക്ക് വ്യാപിപ്പിക്കുകയാണെന്ന് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു.ഫൊക്കാനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഫൊക്കാനയുടെ പുതിയ നേതൃത്വം നടപ്പിലാക്കുന്നത്.ചെന്നൈയ്ക്കും ഡൽഹിക്കും പുറമെ ആസ്ട്രേലിയയിലും കെനിയയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ ഫൊക്കാന ചാപ്റ്ററുകൾ തുടങ്ങും.കടലാസ് സംഘടനെയന്ന പേരുദോഷം കഴി‌ഞ്ഞ അഞ്ചുമാസത്തെ പ്രവർത്തനത്തിനിടയിൽ മാറ്റിയെടുക്കാൻ കഴി‌ഞ്ഞിട്ടുണ്ട്.ഫൊക്കാന കമ്മിഷൻ സംഘടനയെല്ലെന്നും ബാബു സ്റ്റീഫൻ കൂട്ടിച്ചേർത്തു.