ചരിത്രം രചിച്ച് ഫൊക്കാന പ്രസിഡന്റ്; ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് 2.5 ലക്ഷം ഡോളർ സംഭാവന നൽകി ഡയമണ്ട് സ്പോൺസറായി

ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജൂൺ 9,10,11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് രണ്ടര ലക്ഷം അമേരിക്കൻ ഡോളർ സംഭാവന നൽകി ഫൊക്കാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ഡോ.ബാബു സ്റ്റീഫൻ ചരിത്രം രചിച്ചു.ഏറ്റവും കൂടിയ വ്യക്തിഗത സംഭാവനയാണിത്.ഡോ.ബാബു സ്റ്റീഫനെ ഡയമണ്ട് സ്പോൺസറായി ചെക്ക് സ്വീകരിച്ച മേഖലാ സമ്മേളനത്തിന്റെ ഓർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.ജി.മന്മഥൻ നായർ പ്രഖ്യാപിച്ചു.സമ്മേളനം നടക്കാനിരിക്കുന്ന ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ഹോട്ടലിനു മുന്നിൽ വച്ചാണ് ചെക്ക് കൈമാറിയത്.ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിലും സന്നിഹിതനായിരുന്നു.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ ആദരണീയമായ സ്ഥാനം കൈവരിച്ച ഡോ.സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റായി സ്ഥാനമേറ്റശേഷം ഫൊക്കാനയുടെ മുഖച്ഛായ തന്നെ മാറ്റി.സേവന പ്രവർത്തനങ്ങളും കാരുണ്യപ്രവർത്തനങ്ങളും അമേരിക്കയിൽ മാത്രമല്ല കേരളത്തിലും ഒരുപോലെ നടത്തിവരികയാണ് ഫൊക്കാനയിപ്പോൾ.

ഒരുമാസം മുമ്പ് തിരുവനന്തപുരത്ത് നടന്ന കേരള കൺവൻഷൻ ഫൊക്കാനയുടെ നാളിതുവരെയുള്ള ചരിത്ര്രത്തിലേതന്നെ ഏറ്റവും വിജയകരമായ കൺവൻഷനായി വിലയിരുത്തപ്പെട്ടു.കേരളത്തിന് റെ വിവിധ മേഖലകളിൽ പാവപ്പെട്ടവർക്ക് വീട് വച്ചു നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു.ഇതിൽ ആദ്യത്തെ വീട് തിരുവനന്തപുരത്ത് നിർമ്മാണം പൂർത്തിയാക്കി കൈമാറി.പുതുതായി നിർമ്മിക്കുന്ന വീടുകൾക്കായി 28 ലക്ഷം രൂപ സംഭാവനയും നൽകി.

ലോക കേരളസഭ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കു പുറമെ സ്പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങിയ വൻനിരതന്നെ പങ്കെടുക്കുന്നുണ്ട്.നോർക്ക ഡയറക്ടർ ഡോ.എം.അനിരുദ്ധന്റെ നേതൃത്വത്തിലുള്ള ഓർഗനൈസിംഗ് കമ്മിറ്റിയാണ് മേഖലാ സമ്മേളനത്തിന്റെ ചുക്കാൻ പിടിക്കുന്നത്.ബാബു സ്റ്റീഫൻ ഓർഗനൈസിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.